കൊച്ചി കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറില്‍ താഴെയിറക്കി.സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
ലിഫ്റ്റ് തകരാറിലായി ഒരുപാട് ദിവസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടുകളും ഉണ്ടായിട്ടില്ല. ഗുരുതരാവസ്ഥയിലിരുന്ന രോഗിയെ മുകളിലത്തെ നിലയില്‍ എത്തിച്ചത് ചുമന്നുകൊണ്ടുപോയാണെന്ന് ബന്ധു ജിതിന്‍ വെളിപ്പെടുത്തി.
തകരാറിലായ ലിഫ്റ്റ് എപ്പോള്‍ നന്നാക്കുമെന്നതിന് ആശുപത്രി അധികൃതര്‍ക്കും കൃത്യമായ മറുപടിയില്ല. കാലടി വെള്ളായനി സ്വദേശി നടുവീട്ടുവിളയില്‍ സുകുമാരനാണ് (48) ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ മതിയായ സൗകര്യങ്ങള്‍ കിട്ടാതെ മരിച്ചത്.
ശരീരത്തില്‍ 80 ശതമാനം തീപൊള്ളലേറ്റതിനെ തുടര്‍ന്ന് ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്ത സാഹചര്യം. പിന്നീട് അപകടകരമായ സാഹചര്യത്തിലാണ് രോഗിയെ സ്ട്രച്ചറില്‍ കിടത്തി മുകളിലെത്തിച്ചത്. ശരീരത്തിന്റെ ഭൂരുഭാഗവും പൊള്ളലേറ്റ് ത്വക്കില്‍ തൊടാനാവാത്ത സാഹചര്യത്തിലാണ് രോഗിയെ സ്ട്രച്ചറില്‍ കിടത്തി മുകളിലെത്തിച്ചതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.
ആഴ്ച്ചകളായി തകരാറിലായിക്കിടക്കുന്ന ലിഫ്റ്റ് നന്നാക്കുന്നതിന് വേണ്ടി ആശുപത്രി അധികൃതര്‍ യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് ആരോപണമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി അനുവദിക്കുന്ന പണം വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ തന്നെ പറയുന്നു.