Connect with us

india

മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്.

Published

on

മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകിയ ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി പരാമർശം. മതേതരത്വം സംബന്ധിച്ച കേസ് നൽകിയ ആളുടെ ഹർജി മതേതരമായി തോന്നുന്നില്ല എന്നും, ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നത് അന്യായമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. മതത്തിന്റെ പേരിലുള്ള പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജിക്കാരൻ മതനിരപേക്ഷ വാദിയായിരിക്കണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. 75 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന പാർട്ടിയാണ് മുസ്ലിംലീഗെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഈ പാർട്ടി നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മുസ്ലിംലീഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. പാർട്ടിക്ക് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്.

കേസിലെ ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും മുസ്ലിംലീഗ് കോടതിയെ അറിയിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇയാൾക്കെതിരെ കേസുള്ള കാര്യവും അറസ്റ്റ് ചെയ്യപ്പെട്ട കാര്യവും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. ഹർജിയിൽ മുസ്ലിം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്ന കാര്യവും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. ശിവസേന, ഹിന്ദു ജാഗരൺ മഞ്ച്, അകാലി ദൾ തുടങ്ങിയ പാർട്ടികളെയൊന്നും കക്ഷി ചേർത്തിട്ടില്ല. ഇത് ഹർജിക്കാരന്റെ താൽപര്യം വ്യക്തമാക്കുന്നതാണ്. ബി.ജെ.പി പിന്തുണയോടെ പ്രവർത്തിക്കുന്ന ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ മറ്റ് അഭിഭാഷകരും ആഞ്ഞടിച്ചു.

ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണെന്ന് മറ്റു കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് എം.ആർ ഷാ വ്യക്തമാക്കി. ഹർജികൾ മാർച്ച് 20ലേക്ക് വിശദമായ വാദം കേൾക്കാൻ മാറ്റി. തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്. മതഭ്രാന്തനായ ഹർജിക്കാരൻ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണെന്നും മുസ്‌ലിംലീഗ് ആരോപിച്ചു. അഡ്വ. ദുഷ്യന്ത് ദവെ, അഡ്വ. ഹാരീസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.

india

വഖഫ് നിയമ ഭേദഗതി ബിൽ: ജുമാ നമസ്ക്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണം; മുസ്‌ലിം വ്യക്തിനിയമ ബോർഡ്

റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.

Published

on

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധാഹ്വാനവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇന്നത്തെ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.

ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ്ലീമിന്റെയും ഉത്തരവാദിത്തമാണെന്നും എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ എഐഎംപിഎൽബി പറഞ്ഞു. “ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുൽ വിദയിൽ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത റിബൺ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിക്കുന്നു,” സംഘടന കത്തിൽ എഴുതി.

“അൽഹംദുലില്ലാഹ്, ഡൽഹിയിലെ ജന്തർ മന്തറിലും പട്നയിലെ ധർണ സ്ഥലിലും മുസ്‌ലിംകള്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ കുറഞ്ഞത് ബിജെപിയുടെ സഖ്യകക്ഷികളിൽ ഒരു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ, 2025 മാർച്ച് 29 ന് വിജയവാഡയിലും ഒരു വലിയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നു,”

എഐഎംപിഎൽബി വ്യക്തമാക്കി. മുസ്ലീങ്ങളുടെ പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ദർഗകൾ, ഖാൻഖാകൾ, ശ്മശാനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ദുഷ്ട ഗൂഢാലോചനയാണ് വഖഫ് നിയമ ഭേദഗതിയെന്നും ബിൽ കുറ്റപ്പെടുത്തുന്നു.

വഖഫ് ഭേദഗതി ബില്ലിനെതിരെ എഐഎംപിഎൽബി നേരത്തെ രാജ്യവ്യാപകമായി ഒരു പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‍ലിം, വിദ്യാർഥി സംഘടനകളും ഈ മാസം ആദ്യം നടന്ന ധർണ്ണയിൽ പങ്കെടുത്തിരുന്നു.

Continue Reading

india

കനയ്യ കുമാർ കയറിയ ക്ഷേത്രം കഴുകി വൃത്തിയാക്കി; ബി.ജെ.പി ഇതര പാർട്ടിയെ അനുകൂലിക്കുന്നവരെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുകയാണോ, വിമർശനവുമായി കോൺഗ്രസ്

ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. 

Published

on

കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബിഹാറിലെ ക്ഷേത്രം കഴുകി ‘വൃത്തിയാക്കിയ’ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. ബിഹാറിലെ സഹർസ ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എത്തി. ബി.ജെ.പി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്ന വ്യക്തികളെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ബങ്കാവ് ഗ്രാമത്തിലെ ദുർഗാദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. (പാലയൻ റോക്കോ, നൗക്രി ദോ) കുടിയേറ്റം നിർത്തുക, തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്രക്കിടെ കനയ്യ കുമാർ ക്ഷേത്രം സന്ദർശിച്ചിരുന്നു.

ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.

ഈ വിഷയത്തിൽ കനയ്യ കുമാർ പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസ് വിമർശനവുമായെത്തിയിട്ടുണ്ട്. ‘ആർ‌.എസ്‌.എസ്സിനെയും ബി.ജെ.പിയെയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ? ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് ഞങ്ങൾക്ക് അറിയണം. അവർ ഇത്തരം നീചമായ പ്രവർത്തിയിലൂടെ ഭഗവാൻ പരശുരാമന്റെ പിൻഗാമികളെ അനാദരിച്ചു. ബി.ജെ.പി ഇതര പാർട്ടികളെയും, പിന്തുണയ്ക്കുന്നവരെയും തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ഒരു പുതിയ തീവ്ര സംസ്‌കൃതവൽക്കരണ ഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ?,’ കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത ചോദിച്ചു.

 

Continue Reading

india

സംഭൽ മസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യമില്ല

അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി.

Published

on

സംഭല്‍ മസ്ജിദ് സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിലായ ഷാഹി ജുമാമസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മാര്‍ച്ച് 23 മുതല്‍ ജയിലില്‍ കഴിയുന്ന സംഭല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയുടെ ഇടക്കാല ജാമ്യാപേക്ഷ വ്യാഴാഴ്ച സംഭാലിലെ ഒരു പ്രാദേശിക കോടതി തള്ളുകയായിരുന്നു.

അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനിടെ 700-800 പേരടങ്ങുന്ന ഒരു ജനക്കൂട്ടം തടിച്ചുകൂടി സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചു എന്ന് എതിര്‍ വക്കീല്‍ വാദിച്ചു. എന്നാല്‍ എഫ്.ഐ.ആറില്‍ സഫര്‍ അലിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആസിഫ് അക്തര്‍ പറഞ്ഞു.

2024 നവംബര്‍ 25ന് ഒരു പത്രസമ്മേളനം നടത്തി, സംഭവം ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു എന്നതാണ് സഫര്‍ അലിക്കെതിരെയുള്ള ഏക കുറ്റം. ഒരു പത്രസമ്മേളനത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് തെറ്റായ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിന് തുല്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ സഫര്‍ അലിയുടെ പ്രസ്താവന മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്കീല്‍ പറഞ്ഞു.

ജനക്കൂട്ടത്തെ സംഘടിപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, പൊതു സ്വത്തിന് കേടുപാടുകള്‍ വരുത്തല്‍, തെറ്റായ വസ്തുതകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വാദങ്ങളുടെ അടിസ്ഥാനത്തില്‍, കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നിഷേധിക്കുകയും ഏപ്രില്‍ രണ്ടിന് പതിവ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് 23 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. അതേ ദിവസം തന്നെ, ചന്ദൗസിയിലെ ഒരു കോടതി അലിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും മൊറാദാബാദ് ജയിലിലേക്ക് രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അയയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം സഫര്‍ അലിയുടെ അറസ്റ്റിനെത്തുടര്‍ന്ന്, ജില്ലാ ബാര്‍ അസോസിയേഷന്‍, സിവില്‍ കോടതി ബാര്‍ അസോസിയേഷന്‍, ടാക്‌സ് ബാര്‍ അസോസിയേഷന്‍, തഹസില്‍ ബാര്‍ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി നിയമ സംഘടനകള്‍ കോടതി പരിസരത്ത് ഒരു യോഗം വിളിച്ചുചേര്‍ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

സഫര്‍ അലിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലില്‍ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അബ്ദുള്‍ റഹ്മാന്‍ ആരോപിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു. ന്യായമായ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ നിന്ന് മാറ്റണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നില്‍ക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു ഹരജി വരികയും, 2024 നവംബര്‍ 24 ന്, കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിനല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സംഭാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദില്‍ നടത്തിയ സര്‍വേയ്ക്കിടെ നാട്ടുകാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

Trending