News

വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ

By webdesk11

February 15, 2023

കേപ്ടൗണ്‍: വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യക്കിന്ന് രണ്ടാം മല്‍സരം. പ്രതിയോഗികള്‍ വിന്‍ഡീസ്. മല്‍സരം വൈകീട്ട് 6-30 മുതല്‍. ആദ്യ മല്‍സരത്തില്‍ പാക്കിസ്താനെ തകര്‍ത്ത ആവേശത്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം. വിന്‍ഡീസാവട്ടെ സമ്മര്‍ദ്ദത്തിലാണ്. ആദ്യ മല്‍സരത്തിലവര്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ മല്‍സരത്തില്‍ പരുക്ക് കാരണം കളിക്കാതിരുന്ന സ്മൃതി മന്ദാന ഇന്ന് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം നടന്ന വനിതാ ഐ.പി.എല്‍ താരലേലത്തില്‍ വിലപ്പെട്ട താരമായി മാറിയിരുന്നു സ്മൃതി. പാക്കിസ്താനെതിരായ മല്‍സരത്തില്‍ ബാറ്റിംഗ് കരുത്തായിരുന്നു ഇന്ത്യന്‍ വിജയത്തില്‍ കലാശിച്ചത്. ജെമീമ റോഡ്രിഗസായിരുന്നു അതിവേഗ ഇന്നിംഗ്‌സില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മയും മികവ് കാട്ടിയപ്പോള്‍ വലിയ ഇന്നിംഗ്‌സിന് നായിക ഹര്‍മന്‍പ്രീതിന് കഴിഞ്ഞിരുന്നില്ല.