ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷവും ശരാശരി 15 ലക്ഷം പേര്‍ക്ക് പുതുതായി കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2024-ലെ കണക്ക് ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മന്ത്രാലയം വ്യക്തമാക്കിയത്. ചൈനയ്ക്കും യുഎസിനും ശേഷം ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.
കാന്‍സര്‍ രോഗം പലപ്പോഴും തുടക്കത്തില്‍ നിശബ്ദമായി പുരോഗമിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നെഞ്ച്, വയര്‍, കുടല്‍ സംബന്ധമായ കാന്‍സറുകളില്‍ ആദ്യഘട്ട ലക്ഷണങ്ങള്‍ സാധാരണ ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വയര്‍ വീക്കം, ചെറിയ വേദന, ക്ഷീണം എന്നിവയെ അസിഡിറ്റി, മാനസിക സമ്മര്‍ദ്ദം, പ്രായാധിക്യം തുടങ്ങിയവയായി കണക്കാക്കി അവഗണിക്കുന്നതാണ് പതിവ്. ഇതാണ് രോഗം ഗുരുതരമായ ഘട്ടത്തിലെത്താന്‍ കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അവഗണിക്കപ്പെടുന്ന മൂന്ന് പ്രധാന കാന്‍സര്‍ ലക്ഷണങ്ങള്‍
1 തുടര്‍ച്ചയായ ക്ഷീണം വിശ്രമം എടുത്തിട്ടും മാറാതെ തുടരുന്ന ക്ഷീണം 2 അകാരണമായി ശരീരഭാരം കുറയല്‍ ഭക്ഷണക്രമം മാറ്റാതെയുണ്ടാകുന്ന ഭാരം കുറയല്‍ 3 ഭക്ഷണശീലങ്ങളിലെ മാറ്റങ്ങള്‍ ഭക്ഷണത്തോടുള്ള വിരക്തി, വേഗം നിറയുന്ന തോന്നല്‍, ദഹനക്കേട്
ഇതിന് പുറമേ, ദീര്‍ഘകാലം തുടരുന്ന ദഹനക്കേട്, തുടര്‍ച്ചയായ വയര്‍ വീക്കം തുടങ്ങിയവയെ മോശം ഭക്ഷണക്രമത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമെന്ന് കരുതി പലരും അവഗണിക്കുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം തുടര്‍ന്നാല്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം എന്നതാണ് വിദഗ്ധരുടെ നിര്‍ദേശം.
ചില കാന്‍സര്‍ ലക്ഷണങ്ങള്‍ വന്നു പോകുന്ന സ്വഭാവമുള്ളതും വേദനയില്ലാത്തതുമാകാം. ഉദാഹരണത്തിന്, മലത്തില്‍ രക്തസ്രാവം സ്ഥിരമായി ഉണ്ടാകണമെന്നില്ല. അതിനാല്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോകുമ്പോള്‍ അകത്ത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തിയിട്ടുണ്ടാകാം. അതുപോലെ സ്തനങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ വേദനയില്ലാതെ ഉണ്ടാകുന്ന മുഴകളും കാന്‍സറിന്റെ സൂചനയായേക്കാം.
കാന്‍സറിനെക്കുറിച്ചുള്ള പേടിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ അവഗണിക്കുന്നതിനു പകരം, സമയബന്ധിത പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.