ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയില്‍നിന്ന് പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. 1.90 കോടി രൂപ തട്ടിയ കേസിലാണ് പ്രതി ഓസ്റ്റിന്‍ ഓഗ്ബ പിടിയിലായത്. മുംബൈയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഈജിപ്തിലെ ഒരു കമ്പനിയുടെ കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയില്‍ നിന്നും പണം തട്ടിയത്. അതേസമയം ഇയാള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ അംഗമാണെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂരിലേക്ക് കൊണ്ടുവന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരവധി വ്യാജവാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് പണം തട്ടിയത്. ഒരു കോടി 90 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതി. സിറിയയില്‍ യുദ്ധം വന്നപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളുമടങ്ങിയ രണ്ട് ബോക്സുകള്‍ ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തിരിച്ചെടുക്കുന്നതിനു പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
2023 മാര്‍ച്ച് മുതല്‍ ജൂണ്‍ മാസം വരെ പല കാലയളവില്‍ ഇത്തരത്തില്‍ വിവിധ കാര്യങ്ങള്‍ പറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലായപ്പോള്‍ പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.