News

‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ

By webdesk17

January 19, 2026

കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാമിനെയാണ് കണ്ണൂർ സിറ്റി സൈബർ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാമെന്നും ഒത്തുതീർപ്പാക്കാമെന്നുമുള്ള വാഗ്ദാനത്തിലൂടെ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ നിക്ഷേപിപ്പിച്ചു.

തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതിയായ ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നു പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ ലൊക്കേഷൻ തുടർച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബുദ്ധിമുട്ടിച്ചെങ്കിലും, അഞ്ചുദിവസത്തോളം പിന്തുടർന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. എസ്ഐ ജ്യോതി ഇ., സിപിഒ സുനിൽ കെ. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.