india

20 രൂപയുള്ള കുപ്പിവെള്ളത്തിന് 100 രൂപ; റസ്റ്റോറന്റുകള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം

By webdesk17

August 25, 2025

വിപണിയില്‍ 20 രൂപ വിലയുള്ള വെള്ളക്കുപ്പി 100 രൂപയ്ക്ക് വില്‍ക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് മേല്‍ സര്‍വീസ് ചാര്‍ജും ചുമത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. എംആര്‍പിയില്‍ കൂടുതലായി ഈടാക്കുമ്പോള്‍, പിന്നീട് സര്‍വീസ് ചാര്‍ജ് ചുമത്തുന്നതിന്റെ പ്രസക്തി എന്താണെന്ന് കോടതി ചോദിച്ചു.

റെസ്റ്റോറന്റുകളില്‍ ലഭിക്കുന്ന മികച്ച അന്തരീക്ഷവും ഇരിപ്പിട സൗകര്യങ്ങളും ചൂണ്ടിക്കാട്ടി വെള്ളക്കുപ്പിക്ക് അധികം ഈടാക്കുന്ന സാഹചര്യത്തില്‍, അതിന് പുറമെ സര്‍വീസ് ചാര്‍ജും ജിഎസ്ടിയും കൂടി ആവശ്യപ്പെടുന്നത് കോടതി ചോദ്യം ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിഷയത്തില്‍ രൂക്ഷമായ പരാമര്‍ശം നടത്തിയത്.

വെള്ളത്തിനടക്കം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നല്‍കിയ അപ്പീലാണ് ഇപ്പോള്‍ പരിഗണനയില്‍.

”സുഖകരമായ അന്തരീക്ഷം ഒരുക്കുന്നത് തന്നെ സര്‍വീസിന്റെ ഭാഗമാണ്. പിന്നെ എംആര്‍പിയ്ക്ക് മുകളിലായും സര്‍വീസ് ചാര്‍ജും ജിഎസ്ടിയും കൂടി ചോദിക്കുന്നത് എന്തിന്?” എന്ന് കോടതി ചോദിച്ചു. ജിഎസ്ടി സംബന്ധിച്ച വിഷയത്തില്‍ വകുപ്പിന്റെ അഭിഭാഷകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് സെപ്റ്റംബര്‍ 22ലേക്ക് മാറ്റിയിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.