kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈലും ലഹരിയും എറിയുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി കിട്ടും; അക്ഷയ്യുടെ മൊഴി പുറത്ത്

By webdesk17

August 26, 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരിയും വസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് മൊഴി. കഴിഞ്ഞ ദിവസം പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് പൊലീസിന് മൊഴി നല്‍കിയത്. നേരത്തെ നിര്‍ദേശിക്കുന്നതനുസരിച്ച് ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നല്‍കുന്നതെന്ന് അക്ഷയ് പൊലീസുക്കാരോട് പറഞ്ഞു.

ഇന്നലെയാണ് ജയിലിലെ മതില്‍ക്കെട്ടിനു പുറത്തുനിന്ന് മൊബൈല്‍ ഫോണും പുകയില ഉല്‍പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു കൊടുക്കുന്നതിനിടയിലാണ് പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയെ പൊലീസ് പിടിക്കൂടിയത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയിലിനുള്ളിലേക്ക് മൊബൈലും ലഹരി ഉല്‍പന്നങ്ങളും എറിഞ്ഞു നല്‍കുന്ന റാക്കറ്റിനെ കുറിച്ച് അക്ഷയ് പൊലീസിന് മൊഴി നല്‍കിയത്.

വാട്‌സ്ആപ്പ് വഴിയാണ് നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്. സാധനങ്ങള്‍ എറിഞ്ഞു നല്‍കാന്‍ ആഴ്ചയില്‍ ഒരു ദിവസം തിരഞ്ഞെടുക്കും. ആര്‍ക്കാണ് എറിഞ്ഞു കൊടുക്കുന്നത് എന്ന് അറിയില്ല. എറിഞ്ഞു നല്‍കേണ്ട സ്ഥലത്തിന്റെ അടയാളം നേരത്തെ നിര്‍ദേശിക്കും. അവിടെക്കാണ് പൊതിക്കെട്ട് എറിയേണ്ടത്. ശ്രമം വിജയിച്ചാല്‍ ഗൂഗിള്‍ പേ വഴി പ്രതിഫലം ലഭിക്കും. സംഘത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ട്. ഒന്ന് തടവുകാരുമായി നേരിട്ട് ബന്ധമുള്ളവര്‍. രണ്ട് ജയിലിനുള്ളിലേക്ക് സാധനങ്ങള്‍ എറിഞ്ഞു കൊടുക്കുന്നവര്‍.

സംഘത്തിലെ ഒരു കണ്ണി മാത്രമാണ് അക്ഷയ്. രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ തടവുചാട്ടത്തിനുശേഷം ജയില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇതോടെയാണ് പുറത്തുനിന്ന് എറിഞ്ഞു നല്‍കുന്ന സംഘം സജീവമാകാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.