india

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജ് വാട്ടര്‍ ടാങ്കില്‍ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

By webdesk17

October 08, 2025

നോയ്ഡ: ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ മഹര്‍ഷി ദേവ്രഹ ബാബ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളും ജീവനക്കാരും ഉപയോഗിച്ചിരുന്ന കുടിവെള്ള ടാങ്കില്‍ പത്ത് ദിവസം പഴക്കമുള്ള ഒരു മൃതദേഹം കണ്ടെത്തി.

ജീവനക്കാര്‍ വെള്ളത്തില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവിച്ചതോടെ അഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ അഴുകിയ മൃതദേഹം കണ്ടതായി അധികൃതര്‍ അറിയിച്ചു.

തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി. ദുരന്തകാലയളവില്‍ ഈ വാട്ടര്‍ ടാങ്കില്‍നിന്ന് ആശുപത്രിയിലെ ഓപ്പിഡി ഡിപാര്‍ട്ട്‌മെന്റുകളിലും വാര്‍ഡുകളിലേക്കും വെള്ളം വിതരണം ചെയ്തിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാന്‍ ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തല്‍ അന്വേഷണം നടത്താനായി ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് കുമാറിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്നും മാറ്റി. മജിസ്‌ട്രേറ്റ് പ്രകാരം, അഞ്ചാം നിലയിലെ വാട്ടര്‍ ടാങ്ക് അടച്ചിടേണ്ടതായിരുന്നു, പക്ഷേ തുറന്ന് വാട്ടര്‍ ടാങ്ക് തുറന്നുകിടക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പോലീസ് സീല്‍ ചെയ്തു.

വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ നേതൃത്വം നല്‍കുന്ന അഞ്ച് അംഗ സംഘം സംഭവത്തെ വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം ലഭിച്ചു.