News

യുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും

By webdesk17

November 04, 2025

ദുബൈ: യുഎഇലെ ആകാശത്ത് ഇന്ന് രാത്രി മനോഹരമായ ദൃശ്യവിരുന്നായി ബീവര്‍ സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടും. ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ഇന്ന് സൂര്യാസ്തമയത്തോടെ ദൃശ്യമാകാന്‍ തുടങ്ങും. നാളെ രാത്രി ഇത് പൂര്‍ണ തിളക്കത്തിലെത്തും. സാധാരണയേക്കാള്‍ വലുതും തെളിമയോടും കാണപ്പെടുന്ന ചന്ദ്രനാണ് സൂപ്പര്‍മൂണ്‍ എന്നറിപ്പെടുന്നത്.

ചന്ദ്രന്‍ ഭൂമിയോട് അടുത്തെത്തുമ്പോഴാണ് ഈ ദൃശ്യം രൂപപ്പെടുന്നത്. ഇത്തവണ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് വെറും 3,56,980 കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും. 2025ലെ ഏറ്റവും അടുത്ത ദൂരം ഇതായിരിക്കും. ടെലിസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളില്ലാതെ തന്നെ, തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് സൂപ്പര്‍മൂണ്‍ മനോഹരമായി കാണാന്‍ സാധിക്കും. യുഎഇയിലുടനീളം ആകാശം തെളിഞ്ഞതിനാല്‍,ബീവര്‍ സൂപ്പര്‍മൂണിന്റെ അതുല്യ കാഴ്ച ഏറെ പേര്‍ ആസ്വദിക്കുമെന്നാണ് പ്രതീക്ഷ.