kerala

തിരു. മെഡിക്കല്‍ കോളജിലെ വേണുവിന്റെ മരണം; ആരോപണം ഉന്നയിച്ച് കുടുംബം

By webdesk18

November 18, 2025

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മെഡിക്കല്‍ കോളജ് മരണത്തെക്കുറിച്ച് ഭാര്യ സിന്ധു ഗുരുതര ആരോപണവുമായി. വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്കു വേണ്ട പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലമാണെന്നാണ് വേണുവിന്റെ കുടുംബത്തിന്റെ വിശ്വാസം. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

വേണു മരണപ്പെട്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച അന്വേഷണസംഘം ഇന്ന് കൊല്ലം പന്മനയിലെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് മൊഴിയെടുക്കാന്‍ സാധിക്കില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ സംഘം എത്തുമെന്നാണ് വിവരം.

ഈ മാസം 5-നാണ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവ് ആരോപണത്തിനിടെ വേണു മരിച്ചത്. ഒന്നിലധികം ദിവസങ്ങളോളം വേണ്ടത്ര ചികിത്സ നല്‍കിയില്ലെന്നും, അവസാനം നിമിഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത് എന്നും കുടുംബം ആരോപിക്കുന്നു. ഇതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണത്തിലേക്കും നയിച്ചതെന്ന് കുടുംബം പറയുന്നു.

ഓട്ടോ ഓടിച്ചാണ് വേണു കുടുംബം പോഷിച്ച് വന്നിരുന്നത്. ഭര്‍ത്താവിന്റെ വരുമാനമാണ് ജീവിതത്തിന്റെ അടിസ്ഥാനമായതെന്നും ഇപ്പോഴുണ്ടായ നഷ്ടം അതീവ ഗുരുതരമാണെന്നും ഭാര്യയും ബന്ധുക്കളും പറയുന്നു.