kerala

വോട്ടര്‍ പട്ടിക പിഴവ്: ജീവിച്ചിരിക്കുന്നവരെ മരിച്ചെന്നു കണക്കാക്കി പേരുകള്‍ നീക്കം ചെയ്തു

By webdesk18

October 21, 2025

പാലക്കാട്: പാലക്കാട് ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായ ഗുരുതര പിഴവിനെ തുടര്‍ന്ന് ജീവിച്ചിരിക്കുന്ന രണ്ടു പേരെ മരിച്ചവരായി കണക്കാക്കി പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി പരാതി. പലശ്ശന പഞ്ചായത്തിലെ പുത്തോട്തറ സ്വദേശികളായ തങ്കയും രമേഷും ആണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

മരണപ്പെട്ടതായി തെറ്റിദ്ധരിച്ചാണ് പേരുകള്‍ നീക്കം ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ”ഫീല്‍ഡ് വെരിഫിക്കേഷനില്‍ പിഴവുണ്ടായി. ഇരുവരെയും ഉടന്‍ തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തും,” എന്ന് പഞ്ചായത് സെക്രട്ടറി വ്യക്തമാക്കി.

”മരിച്ചുപോയെന്ന് പറഞ്ഞ് വെട്ടിക്കളഞ്ഞതെന്തിന് മക്കളേ… ഞാനെന്ത് ചെയ്യാനാ…’ എന്ന് തങ്ക മാധ്യമങ്ങളോട് വികാരാധീനയായി പ്രതികരിച്ചു.

കൂലിപ്പണിക്കാരനായ രമേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നതായും, പേരെന്തിനാണ് നീക്കം ചെയ്തതെന്ന് ചോദിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

ഫീല്‍ഡ് പരിശോധനയില്‍ വീഴ്ച പറ്റിയ ബിഎല്‍ഒമാരുടെ അനാസ്ഥയാണിതിന് പിന്നിലെന്ന് പഞ്ചായത്ത് അധികൃതര്‍ സമ്മതിച്ചു. സംഭവം തിരഞ്ഞെടുപ്പ് നടപടികളിലെ ഉത്തരവാദിത്ത കുറവിനെയാണ് വെളിവാക്കുന്നത്.