kerala

അങ്കമാലിയില്‍ കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

By webdesk18

November 06, 2025

അങ്കമാലി: ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ ഞെട്ടലിനിടയില്‍, കേസിലെ പ്രധാന പ്രതിയായ അമ്മൂമ്മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റേതെങ്കിലും പ്രേരണയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മൂമ്മ റോസ്ലി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

ആന്റണിറൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍നയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയാണ് അങ്കമാലിയിലെ കറുകുറ്റി ചീനിയിലുള്ള വീട്ടില്‍ സംഭവം നടന്നത്. അടുക്കളയില്‍ കഞ്ഞിയെടുക്കാന്‍ പോയ റൂത്ത്, കുഞ്ഞിനെ അമ്മയുടെ അരികില്‍ കിടത്തി പോയതായിരുന്നു. കുറച്ചുസമയത്തിനുശേഷം തിരികെ വന്നപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ മുറിവുണ്ടായ നിലയിലായിരുന്നു.

അയല്‍ക്കാര്‍ ഓടിയെത്തി കുഞ്ഞിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുഞ്ഞിന്റെ സംസ്‌കാരം നടക്കും.