കൊച്ചി: എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് രോഗബാധിത. ഇപ്പോള്‍ അവര്‍ അപകടനില തരണം ചെയ്തതായും, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
സാധാരണ കാണപ്പെടുന്ന നെഗ്ലീരിയ ഫൗളെറി എന്ന അമീബാ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായ അകന്തമീബ എന്ന പുതിയ വകഭേദമാണ് രോഗിയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.
മൂന്ന് ആഴ്ച മുമ്പ് കഠിന തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ ചലന വൈകല്യം തുടങ്ങിയ ലക്ഷണങ്ങളെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. പ്രാഥമിക പരിശോധനകള്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ സെറിബ്രോസ്‌പൈനല്‍ ഫ്‌ലൂയിഡ് പരിശോധന നടത്തിയപ്പോഴാണ് അകന്തമീബ മൂലമുള്ള അണുബാധയാണെന്ന് കണ്ടെത്തിയത്.
ചികിത്സയുടെ ആദ്യഘട്ടം മുതല്‍ തന്നെ പുരോഗതി പ്രകടമാക്കിയ രോഗിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സാധാരണ നെഗ്ലീരിയയേക്കാള്‍ അപകടം കുറവുള്ള വകഭേദമാണിതെന്ന് ചികിത്സ നിര്‍വഹിച്ച ഡോ. സന്ദീപ് പത്മനാഭന്‍ പറഞ്ഞു. സമയോചിതമായ രോഗനിര്‍ണയമാണ് ചികിത്സയ്ക്ക് പ്രധാന പിന്തുണയായതെന്നും, രോഗി പൂര്‍ണമായി സുഖം പ്രാപിക്കാനായി തുടര്‍പരിചരണം നല്‍കുകയാണെന്നും അദ്ദേഹം അറിയിച്ചു.