india

വിദ്യാര്‍ത്ഥിനികള്‍ വസ്ത്രമാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തി; എ.ബി.വി.പി നേതാക്കള്‍ അറസ്റ്റില്‍

By webdesk18

October 16, 2025

ഭോപാല്‍: മധ്യപ്രദേശിലെ മുന്ദ്‌സോര്‍ ജില്ലയില്‍, വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത്് മറഞ്ഞിരുന്ന് പകര്‍ത്തിയ മൂന്ന് എ.ബി.വി.പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എ.ബി.വി.പി ലോക്കല്‍ സെക്രട്ടറി ഉമേഷ് ജോഷി, കോളജ് സഹഭാരവാഹികളായ അജയ് ഗൗര്‍, ഹിമാന്‍ഷു ബൈരാഗി എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ്, മഹാരാജ യശ്വന്ത് റാവു ഹോള്‍ക്കര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പാള്‍ ബാന്‍പുര പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച കോളജില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നത് പ്രതികള്‍ ചിത്രീകരിച്ചതായി പരാതിയില്‍ പറയുന്നു.

സംശയം തോന്നിയ പെണ്‍കുട്ടികള്‍ അറിയിച്ചതോടെ കോളജ് അധികൃതര്‍ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചു. മുറിയിലെ വെന്റിലേറ്റര്‍ വഴി വിദ്യാര്‍ത്ഥിനികളെ ചിത്രീകരിച്ചുവെന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ സ്ഥിരീകരിച്ചതിനുശേഷം പോലീസില്‍ പരാതി നല്‍കിയതായി പ്രിന്‍സിപ്പാള്‍ ഡോ. പ്രിതി ശര്‍മ്മ അറിയിച്ചു.

ഇതേ കോളജിലെ മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥികളാണ് അറസ്റ്റ് ചെയ്തവര്‍. കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി പിടിച്ചെടുത്തു എന്ന് ബാന്‍പുര പോലീസ് അറിയിച്ചു.