kerala

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയുടെ വിജയം പ്രതീക്ഷ നല്‍കുന്ന മുന്നേറ്റം: സാദിഖലി ശിഹാബ് തങ്ങള്‍

By webdesk14

July 14, 2024

ഉപതെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിക്കുണ്ടായ വൻ മുന്നേറ്റം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തുടർച്ചയാണിത്. മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന ആശയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിന് കാരണമായത്. കൂടുതൽ ജനങ്ങളിലേക്ക് ഈ ആശയം വ്യാപിച്ചു എന്നതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പിലെ വിജയം. രാജ്യം നിലനിൽക്കേണ്ടതിന്റെ ആവശ്യം ജനങ്ങൾക്ക് കൂടുതലായി വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരികയാണ്. ഫാസിസ്റ്റ് ശക്തികളുടെ പിടിയിൽനിന്ന് രാജ്യം രക്ഷപ്പെടുകയാണെന്ന സൂചന നൽകുന്നതാണ് ഈ മുന്നേറ്റം.- തങ്ങൾ വ്യക്തമാക്കി. രാഹുൽ ഗാന്ധിയെന്ന നേതാവിനോടുള്ള വിശ്വാസവും സ്‌നേഹവും ഈ വിജയത്തിന് കാരണമാണ്. രാജ്യത്തെ രക്ഷിക്കാൻ പ്രാപ്തനായ നേതാവാണ് രാഹുലെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും തങ്ങൾ വ്യക്തമാക്കി.