kerala

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരം

By webdesk18

November 03, 2025

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് മദ്യപാനിയുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ നിലയില്‍ ചെറിയ പുരോഗതിയുണ്ടെങ്കിലും, അപകടാവസ്ഥ തരണം ചെയ്‌തെന്ന് പറയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. തലയില്‍ പലയിടത്തും ഉണ്ടായ ചതവുകള്‍ കാരണം പൂര്‍ണ്ണ സുഖം പ്രാപിക്കാന്‍ സമയം എടുക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

തിരുവനന്തപുരം പാലോട് സ്വദേശിയായ 19 കാരിക്കുണ്ടായ ഈ അപകടത്തില്‍ എഫ്ഐആറില്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വെള്ളറട സ്വദേശി സുരേഷ് കുമാര്‍ കൊലപാതക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയതായാണ് പൊലീസ് ആരോപണം. നടുവില്‍ ചവിട്ടി പുറത്തേക്കിട്ടതിന് ശേഷം സഹയാത്രികയെയും തള്ളാന്‍ ഇയാള്‍ ശ്രമിച്ചതായും വ്യക്തമാക്കുന്നു. യാത്രക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറി.

ഗുരുതര പരുക്കുകളോടെ പെണ്‍കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ചികിത്സ തൃപ്തികരമല്ലെന്നും കൂടുതല്‍ വിദഗ്ധചികിത്സ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.