വടകര: ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ബൊലേനോ കാറില്‍ ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ നിസാര്‍ പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വടകര പൊലീസിന് കൈമാറി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രദേശത്ത് ഇത്രയും വലിയ അളവില്‍ എം.ഡി.എം.എ പിടികൂടുന്നത് ഇതാദ്യമായാണ്. ബംഗളൂരുവില്‍ നിന്നും മൊത്തത്തില്‍ 260 ഗ്രാം എം.ഡി.എം.എ കടത്തിയതായും അതില്‍ 100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്ന ഓഡിയോ സന്ദേശം പ്രതിയുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ മറ്റ് സഹായികളുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.