health

കുടലിനെ കാര്‍ന്നുതിന്നുന്ന ഐ.ബി.ഡി (IBD): കുടലിലെ വീക്കവും പ്രവര്‍ത്തന വൈകല്യവും എങ്ങനെ തിരിച്ചറിയാം?

By Akhila

June 09, 2026

ഉദരജന്യമായ അസ്വസ്ഥതകൾ ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ വിട്ടുമാറാത്ത ദഹനപ്രശ്നങ്ങളെ വെറുമൊരു ‘ഗ്യാസ്ട്രബിളായി’ തള്ളിക്കളയുന്നത് ചിലപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ദഹനനാളിയിൽ വിട്ടുമാറാത്ത നീർക്കെട്ടും വ്രണങ്ങളും ഉണ്ടാക്കുന്ന ഒരു സങ്കീർണ്ണ രോഗമാണ് IBD. ക്രോൺസ് ഡിസീസ് (Crohn’s disease), അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative colitis) എന്നിവ ഐ.ബി.ഡിയുടെ ഗണത്തിൽ ഉൾപ്പെടുന്നു. പലപ്പോഴും കുടലിൽ ഉണ്ടാകുന്ന അസ്വസ്ഥതകളുടെയും IBS, ഐ.ബി.ഡി -യുടെയും ലക്ഷണങ്ങൾ സമാനമായതിനാൽ രോഗികൾ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് കൃത്യമായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.

ലക്ഷണങ്ങൾ: വീക്കമാണോ അതോ പ്രവർത്തന വൈകല്യമോ? വയറുവേദനയും ഗ്യാസും രണ്ട് അവസ്ഥകളിലും ഉണ്ടാകാമെങ്കിലും, കുടലിൽ സജീവമായ വീക്കം (Active inflammation) ഉണ്ടോ എന്ന് തിരിച്ചറിയാൻ ചില പ്രത്യേക ‘റെഡ് ഫ്ലാഗ്’ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

സജീവമായ വീക്കത്തിന്റെ (IBD) പ്രധാന ലക്ഷണങ്ങൾ:

>>മലത്തിൽ രക്തത്തിന്റെ സാന്നിധ്യം: ഇത് IBD യുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്. കുടലിലെ വ്രണങ്ങൾ കാരണം മലത്തോടൊപ്പം രക്തമോ പഴുപ്പോ കാണപ്പെടാം. (പ്രവർത്തന വൈകല്യങ്ങളിൽ മലത്തിൽ രക്തം ഉണ്ടാകില്ല).

>>ഭാരക്കുറവ്: കൃത്യമായ കാരണമില്ലാതെ ശരീരഭാരം കുറയുന്നത് കുടലിന് പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്.ക്ഷീണവും വിളർച്ചയും (anemia) IBD രോഗികളിൽ കാണാൻ സാധ്യതയുണ്ട്

>>രാത്രികാലങ്ങളിലെ അസ്വസ്ഥതകൾ: രാത്രി ഉറക്കത്തിൽ നിന്ന് ഉണർത്തുന്ന തരത്തിലുള്ള കഠിനമായ ഉദരവേദനയും വയറിളക്കവും കുടലിലെ സജീവമായ വീക്കത്തെ സൂചിപ്പിക്കുന്നു.

മറുവശത്ത്, പ്രവർത്തനപരമായ അസ്വസ്ഥതകളിൽ കുടലിന്റെ ഘടനയ്ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഇത്തരക്കാരിൽ മലബന്ധവും വയറിളക്കവും മാറിമാറി വരാമെങ്കിലും, രക്തസ്രാവമോ ഭാരക്കുറവോ കാണാറില്ല.

കാരണങ്ങളും അപകടസാധ്യതകളും

ഐ.ബി.ഡി യുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ :

>>പ്രതിരോധ വ്യവസ്ഥയിലെ താളപ്പിഴകൾ: ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കുടൽ കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥ (Autoimmune response) ഇതിന് കാരണമാകുന്നു.

>>പാരമ്പര്യം: കുടുംബത്തിൽ ഐ.ബി.ഡി ഉള്ളവർക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

>>പാരിസ്ഥിതിക ഘടകങ്ങൾ: പുകവലി, അമിതമായി കൊഴുപ്പും സംസ്കരിച്ച ഭക്ഷണങ്ങളും (Processed foods) അടങ്ങിയ ആഹാരക്രമം എന്നിവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

>>പ്രായം: സാധാരണയായി 15 മുതൽ 30 വയസ്സിനുള്ളിലാണ് ഈ രോഗം കൂടുതലായി കണ്ടുതുടങ്ങുന്നത്.

നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം

ലക്ഷണങ്ങളെ അവഗണിച്ച് രോഗം മൂർച്ഛിക്കാൻ അനുവദിക്കുന്നത് കുടലിന് സ്ഥിരമായ കേടുപാടുകൾ വരുത്തും. കുടലിൽ ദ്വാരം വീഴുക (Perforation), കുടൽ ചുരുങ്ങിപ്പോവുക (Strictures) തുടങ്ങിയ സങ്കീർണ്ണതകൾക്ക് ഇത് വഴിതെളിക്കും. കൂടാതെ, ദീർഘകാലം ചികിത്സിക്കാതിരിക്കുന്നത് കുടൽ കാൻസറിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ രക്തപരിശോധനകൾ, മലത്തിലെ വീക്കത്തിന്റെ അളവ് അറിയാനുള്ള ഫീക്കൽ കാൽപ്രൊട്ടക്റ്റിൻ (Fecal Calprotectin) ടെസ്റ്റ്, കൊളോണോസ്കോപ്പി (Colonoscopy) തുടങ്ങിയ പരിശോധനകളിലൂടെ ഇത് പ്രവർത്തന വൈകല്യമാണോ അതോ ഘടനാപരമായ വീക്കമാണോ എന്ന് കൃത്യമായി കണ്ടെത്താൻ സാധിക്കും.

വിട്ടുമാറാത്ത ഉദരജന്യ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ ഒരിക്കലും സ്വയം ചികിത്സയ്ക്ക് (Self-medication) മുതിരരുത്. ദഹനപ്രക്രിയ സുഗമമാക്കാൻ നാരുകൾ (Fiber) ധാരാളമടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

എന്നാൽ, മലത്തിൽ രക്തം, പെട്ടെന്നുള്ള ഭാരക്കുറവ്, അമിതമായ ക്ഷീണം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിനെ സമീപിച്ച് വിദഗ്ദ്ധോപദേശം തേടുക. കൃത്യസമയത്തുള്ള ചികിത്സയിലൂടെ ഐ.ബി.ഡി-യെ പൂർണ്ണമായും നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.