kerala

വനാവകാശ ഭൂമി കൈമാറാത്തതില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാക്കള്‍

By webdesk18

November 10, 2025

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി. വനാവകാശ നിയമപ്രകാരം അനുവദിച്ച ഭൂമി കൈമാറാത്തതിനെതിരെ കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് ആദിവാസി യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് മരത്തില്‍ കയറി പ്രതിഷേധം ആരംഭിച്ചത്. വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. കോടതിയും ജില്ലാകലക്ടറും ഉള്‍പ്പടെ ഭൂമിയനുവാദത്തിന് അനുമതി നല്‍കിയിരുന്നു.

മൊത്തം 53 കുടുംബങ്ങള്‍ക്കാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ച് കൈമാറിയത്. ഒരുപാട് തവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.