കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടു തവണ കുറഞ്ഞു. രാവിലെയും ഉച്ചക്കുമായി പവന് 1,800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 88,600 രൂപയായി താഴ്ന്നു. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,075 രൂപയായും വിലയിടിവ് രേഖപ്പെടുത്തി.
തിങ്കളാഴ്ച വൈകുന്നേരം പവന് 90,400 രൂപയായിരുന്നു വില. ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തിയതോടെ പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. തുടര്‍ന്ന് ഉച്ചയ്ക്ക് ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയുമാണ് കൂടി കുറഞ്ഞത്.
ഇന്നലെ തന്നെ സ്വര്‍ണവില 1,720 രൂപയോളം താഴ്ന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലായി ഉണ്ടാകുന്ന ഈ വിലയിടിവ് ആഭ്യന്തര വിപണിയിലെ വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ആഗോളവിപണിയിലും സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരു ട്രോയ് ഔണ്‍സ് 3,899 ഡോളറിലേക്കാണ് വ്യാപാരം താഴ്ന്നത്. ഡോളറിന്റെ മൂല്യം ശക്തമായതും വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണവിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.