kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍

By webdesk17

November 08, 2025

കോഴിക്കോട്: തെരുവ് നായ ശല്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വീര്‍പ്പുമുട്ടുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്. ഇതുമൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും രാത്രിയില്‍ ഭയമില്ലാതെ സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അത്യാഹിത വിഭാഗത്തിനുമുമ്പിലും വിവിധ വാര്‍ഡുകളിലേക്കുള്ള വഴികളിലും തെരുവ് നായകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്ന ജീവനക്കാരും ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കൂട്ടിരിപ്പുകാരും രോഗികളുടെ ബന്ധുക്കളും തെരുവ് നായ ശല്യത്തില്‍ ബുദ്ധിമുട്ടുകയാണ്.

സുപ്രീംകോടതി തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കണമെന്ന് നിര്‍ദേശിച്ച പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഇനിയെങ്കിലും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശകര്‍.