kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കുഞ്ഞ് മരിച്ച സംഭവം; ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

By webdesk18

February 18, 2026

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

ഡോക്ടര്‍ക്ക് എതിരെ മുമ്പും രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ക്ക് നിര്‍ബന്ധിത ലീവ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇന്ന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള അന്വേഷണസംഘം ആശുപത്രിയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഡോക്ടറെ പുറത്താക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിരഞ്ജനയുടെ സിസേറിയന്‍ വൈകിയെന്നും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ഇവര്‍ പറഞ്ഞു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടര്‍ ബിന്ദു സുന്ദറുടെ നേതൃത്വത്തില്‍ ആയിരുന്നു സിസേറിയന്‍. സംഭവത്തില്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.