india

കര്‍ണാടകയില്‍ ക്രൂരക്കൊലപാതകം; ഭാര്യയെ കൊന്ന് കുഴല്‍ക്കിണറില്‍ മൂടി

By webdesk17

October 20, 2025

ബംഗളൂരു: കര്‍ണാടകയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെയും മാതാപിതാക്കളെയും കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് 28കാരിയായ ഭാരതിയെയാണ്. പ്രതി ചിക്കമംഗളൂരു ജില്ലയിലെ അലഗാട്ട സ്വദേശിയായ വിജയ് ആണ്.

ഒന്നര മാസം മുമ്പ് ഭാര്യ കാണാതായതായി കാടൂര്‍ പൊലീസ് സ്റ്റേഷനില്‍ വിജയ് തന്നെയാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യമായിരുന്നു ഭാര്യയെ കൊലപ്പെടുത്തിയതും മൃതദേഹം സ്വന്തം പാടത്തെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ മൂടിയതും വിജയ് തന്നെയായിരുന്നു.

വിവാഹജീവിതത്തില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്തരമൊരു തര്‍ക്കത്തിനിടെ വിജയ് നിയന്ത്രണം വിട്ട് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കുഴല്‍ക്കിണറില്‍ ഇട്ട് കോങ്ക്രീറ്റ് കൊണ്ട് അടച്ച് മറച്ചു.

വിജയിന്റെ മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യങ്ങള്‍ പൊലീസിന് സംശയം തോന്നിയതോടെയാണ് അന്വേഷണം ഗൗരവതരമായി തുടങ്ങിയത്. പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ മൃഗബലികള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തിയതായും പൊലീസ് വ്യക്തമാക്കി.

കൊലപാതകവിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ മറച്ചുവെച്ചത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരെയും അറസ്റ്റ് ചെയ്തു. സംഭവം സംസ്ഥാനത്ത് വ്യാപകമായ ആക്രോശമുയര്‍ത്തിയിരിക്കുകയാണ്.