india

തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; പുക ശ്വസിച്ച് ഡൽഹിയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

By webdesk13

January 14, 2024

ഡല്‍ഹി അലിപുരില്‍ കല്‍ക്കരി കത്തിച്ച പുക ശ്വസിച്ച് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തണുപ്പകറ്റാനാണ് കല്‍ക്കരി കത്തിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഡല്‍ഹി ഖേര കലന്‍ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആണ്‍മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്.

ബിഹാര്‍ സ്വദേശിയായ രാകേഷ് ടാങ്കര്‍ ട്രക്ക്ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. വാതിലും ജനാലകളും അടച്ചിട്ട് കല്‍ക്കരി (അങ്കിതി) കത്തിച്ചശേഷം ഉറങ്ങാന്‍ പോയതായിരുന്നു. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രവികുമാര്‍ സിങ് പറഞ്ഞു. നേരത്തേ കല്‍ക്കരി കത്തിച്ച പുക ശ്വസിച്ച് ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.