ഭോപ്പാല്‍: രാജ്യത്ത് കഫ് സിറപ്പ് ദുരന്തം തുടരുന്നു. മധ്യപ്രദേശില്‍ മൂന്ന് വയസ്സുകാരി മരിച്ചതോടെ മരണസംഖ്യ 25 ആയി. ചൗരൈ ഗ്രാമത്തിലെ അമ്പിക വിശ്വകര്‍മയാണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലര്‍ച്ചെ കുട്ടി മരണത്തിന് കീഴടങ്ങിയത്.
”കൗണ്ടറില്‍ നിന്ന് വാങ്ങിയ കഫ് സിറപ്പ് കുട്ടി കുടിച്ചിരുന്നു. ഡോക്ടര്‍മാര്‍ ആരും അത് ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നില്ല,” എന്ന് ചിന്ദ്വാര അഡീഷണല്‍ കലക്ടര്‍ ദിരേന്ദ്ര സിംഗ് അറിയിച്ചു. കുട്ടിയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിന്ദ്വാരയിലെ മറ്റ് രണ്ട് കുട്ടികളെയും സമാനമായ അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ മധ്യപ്രദേശിലും രാജസ്ഥാനിലുമായി വ്യാജ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി.
കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് ദുരന്തവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ വേണ്ട നടപടികളോ പരിശോധനകളോ ഉണ്ടായില്ലെന്നതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാരോപണം ഉയരുന്നുണ്ട്.