News

സൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്‌സിന്

By webdesk18

November 06, 2025

മഡ്ഗാവ്: സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വ്യാഴാഴ്ച നിര്‍ണായക മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ യുണൈറ്റഡിനെയും സ്‌പോര്‍ട്ടിംഗ് ഡല്‍ഹിയെയും തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ്, ഇപ്പോള്‍ സെമിഫൈനലിലേക്കുള്ള വാതില്‍ക്കല്‍ നില്‍ക്കുകയാണ്.

രാജസ്ഥാനിനും മുംബൈക്കും മൂന്ന് പോയിന്റ് വീതമേയുള്ളൂ. അതിനാല്‍, സെമിഫൈനലിലേക്ക് കടക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സമനില മതി. എന്നാല്‍ തോല്‍വിയുണ്ടായാല്‍ പുറത്താകാനുള്ള സാധ്യത ഉയരും. നേര്‍ക്കുനേര്‍ ഫലമാണ് ആദ്യം പരിഗണിക്കുക; തുടര്‍ന്ന് ഗോള്‍ വ്യത്യാസവും അടിച്ച ഗോളുകളും നോക്കും.

രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്‌സ് മുന്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി.യെ നേരിടുന്നത്. വൈകിട്ട് 4.30ന് രാജസ്ഥാന്‍സ്‌പോര്‍ട്ടിംഗ് ഡല്‍ഹി മത്സരം നടക്കും. അതില്‍ രാജസ്ഥാന്‍ ജയിച്ചാല്‍ ആറ് പോയിന്റ് നേടും. അങ്ങനെ മൂന്ന് ടീമുകളും തുല്യ പോയിന്റില്‍ അവസാനിച്ചാല്‍ നിലപാട് സങ്കീര്‍ണ്ണമാകും.

നേര്‍ക്കുനേര്‍ ഫലമനുസരിച്ച് മുംബൈയ്ക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം ലഭിച്ചാല്‍ ആനുകൂല്യം അവര്‍ക്കായിരിക്കും. എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നാല് ഗോള്‍ അടിച്ച് ഒന്ന് പോലും വഴങ്ങിയിട്ടില്ലെന്നതാണ് അവരുടെ കരുത്ത്.

സെമിയിലേക്ക് കടക്കാനുള്ള ആവേശകരമായ പോരാട്ടം കാണാനാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്.