ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം ഉണ്ടായ സ്ഫോടനത്തില്‍ ഭീകരാക്രമണ സാധ്യത പൊലീസ് തള്ളിയില്ല. സ്ഫോടനത്തിന് കാരണം സിഎന്‍ജി സിലിണ്ടറാണെന്ന പ്രാഥമിക നിഗമനം ഉണ്ടായിരുന്നുവെങ്കിലും, അതിനുമപ്പുറമായുള്ള ശക്തമായ സ്‌ഫോടന സ്വഭാവം സുരക്ഷാ ഏജന്‍സികള്‍ സംശയത്തോടെ കാണുന്നു.
ലാല്‍ കില മെട്രോ സ്റ്റേഷന്‍ ഗേറ്റ് ഒന്നിന് സമീപത്താണ് സംഭവം നടന്നത്. എട്ട് പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുമ്പോള്‍, 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതം രണ്ട് കിലോമീറ്റര്‍ വരെ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എന്‍എസ്ജി, എന്‍ഐഎ ടീമുകള്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പൊട്ടിത്തെറിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങളും സമീപ പ്രദേശത്തുള്ള ഫോറന്‍സിക് തെളിവുകളും ശേഖരിച്ചിരിക്കുകയാണ്. ഒരു സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്നതിലും കൂടുതലായ നാശനഷ്ടമാണ് സംഭവിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലുടനീളം പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സമീപ പ്രദേശങ്ങളില്‍ പട്രോളിങ് വര്‍ധിപ്പിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.