kerala

പെരിയ ഇരട്ട കൊലക്കേസ്; പതിനാലാം പ്രതിയായ സിപിഎം നേതാവിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

By webdesk18

February 21, 2025

പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിനാലാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം മണിക്കണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കല്യോട്ടെ എം.കെ ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. മാര്‍ച്ച് 11ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

കഴിഞ്ഞ മാസം 3ന് പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനെ എറണാകുളം സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ഇയാളടക്കം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കമുള്ള നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചിരുന്നു.

അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെ. മണികണ്ഠന് മാര്‍ച്ച് 11ന് നേരിട്ട് ഹാജരാകാന്‍ നോട്ടീസയക്കുകയായിരുന്നു. പെരിയ ഇരട്ടക്കൊലക്കേസ്സില്‍ സിബിഐ കോടതി 10 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും നാല് നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.