അടൂര്‍: ഭാര്യയെ കാണാനില്ലെന്ന തെറ്റിദ്ധാരണയില്‍ നാലുവയസ്സുകാരനായ മകനെ കൂട്ടി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം തിങ്കളാഴ്ച രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് നടന്നത്.
അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ ഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന അശ്വിന്‍ ബസിന് മുന്നിലേക്കാണ് പിതാവ് മകനെ എടുത്ത് പെട്ടെന്ന് ചാടിയത്. ഡ്രൈവര്‍ ഇളമണ്ണൂര്‍ മാരൂര്‍ ചാങ്കൂര്‍ സ്വദേശി ബി. ഉണ്ണികൃഷ്ണന്‍ സഡന്‍ ബ്രേക്കിട്ട് വാഹനം നിര്‍ത്തിയതോടെ ദുരന്തം ഒഴിവായി.
സംഭവത്തിനുശേഷം പിതാവ് മകനെ കൂട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു. പിന്നീട് ഇയാള്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ജംഗ്ഷന്‍ ഭാഗത്തേക്ക് വീണ്ടും ഓടി. ട്രാഫിക് ഹോം ഗാര്‍ഡ് ജി. ശ്രീവത്സന്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും ട്രാഫിക് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എസ്.ഐമാരായ ജി. സുരേഷ് കുമാര്‍, ടി.എന്‍. അയൂബ്, സി.പി.ഒ ഷിമിം എന്നിവര്‍ സ്ഥലത്തെത്തി പിതാവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോലീസിനോട് ഇയാള്‍ ”ഭാര്യ കാണാനില്ല, എന്നെ വിട്ടുപോയി” എന്നുമായിരുന്നു പറയുന്നത്. എന്നാല്‍ ഈ സമയം ഭാര്യ ഭര്‍ത്താവിനെയും മകനെയും തിരഞ്ഞ് ആശുപത്രിയിലായിരുന്നു. ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കണ്ടെത്തി.
തുടര്‍ന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ഇരുവരും ആശ്വസിച്ചു. പിന്നീട് ആലപ്പുഴ സ്വദേശികളായ കുടുംബത്തെ പൊലീസ് സുരക്ഷിതമായി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്കയച്ചു.