News

ഗസ്സയിലേക്ക് സഹായവുമായി വീണ്ടും ഫ്‌ലോട്ടില

By webdesk17

October 08, 2025

ഗസ്സ: ഇസ്രാഈല്‍ ഉപരോധം മൂലം ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ട ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി പുതിയ ഫ്‌ലോട്ടില യാത്ര തുടരുന്നു. കപ്പലുകള്‍ ഗസ്സയുടെ 140 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയതായും, ഇസ്രാഈലിന്റെ ഇന്റര്‍സെപ്ഷന്‍ സോണില്‍ പ്രവേശിച്ചതായും ഗസ്സ ഉപരോധം ലംഘിക്കാനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്സില്‍ അറിയിച്ചു.

ഫ്രീഡം ഫ്‌ലോട്ടില കൊയലിഷന്റെ ഭാഗമായ ഒമ്പത് കപ്പലുകളിലായി 100 പേരാണ് ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഗസ്സയിലെ ഇസ്രാഈല്‍ ഉപരോധത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിക്കാനും സഹായം എത്തിക്കാനുമായി 2008-ല്‍ സ്ഥാപിതമായ ഈ സംഘടന ഇതിനുമുമ്പും നിരവധി ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇതിനു മുമ്പ്, 40 കപ്പലുകളടങ്ങിയ സുമൂദ് ഫ്‌ലോട്ടിലയെ ഇസ്രാഈല്‍ തടഞ്ഞിരുന്നു. ഗ്രെറ്റ തുംബര്‍ഗ് അടക്കമുള്ള 450 ആക്ടിവിസ്റ്റുകള്‍ ഇസ്രാഈല്‍ നേവി കസ്റ്റഡിയിലെടുത്ത് നാടുകടത്തപ്പെട്ടിരുന്നു. ഇസ്രാഈല്‍ കസ്റ്റഡിയില്‍ പീഡനമനുഭവിക്കേണ്ടി വന്നതായി അവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.