kerala

റാന്നിയില്‍ ബസ്സ്റ്റാന്‍ഡിലെ കുഴിയില്‍ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

By webdesk17

October 28, 2025

റാന്നി: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസ്സ്റ്റാന്‍ഡിലെ കുഴിയില്‍ അകപ്പെട്ട് കാലിന് പരിക്കേറ്റു. റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പെരുമ്പുഴ ബസ്സ്റ്റാന്‍ഡിലാണ് അപകടം നടന്നത്.

കൊഴഞ്ചേരി ഇടപ്പാവൂര്‍ഇടമുറി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ എത്തിയ സ്ത്രീ സ്റ്റാന്‍ഡില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. രൂപപ്പെട്ട കുഴിയില്‍ കാല്‍ കുടുങ്ങി ബാലന്‍സ് നഷ്ടപ്പെട്ട ഇവര്‍ നിലത്ത് വീണു. കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഓട്ടോറിക്ഷയിലാണ് ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബസ്സ്റ്റാന്‍ഡില്‍ ദീര്‍ഘകാലമായി കുഴി രൂപപ്പെട്ടിരിക്കുകയാണെന്നും ഇതില്‍ യാത്രക്കാര്‍ക്ക് അപകടസാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുഴി ഉടന്‍ നികത്തണമെന്നും ബസ് ഡ്രൈവര്‍മാര്‍ യാത്രക്കാരെ ഇറക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.