News

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം

By webdesk18

November 03, 2025

മുംബൈ: ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകര്‍ത്ത ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചു. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യക്ക് ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്താനായി. ഫൈനലിലെ ഈ അതിഭയങ്കര പോരാട്ടം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് ഒരു പുതുയുഗം തുറന്നുകൊടുത്തു.

കിരീടനേട്ടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് വാല്യു 35 ശതമാനം വരെ ഉയരും എന്നാണ് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട്. പരസ്യ മേഖലയില്‍ വലിയ പ്രതിഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

1983ല്‍ കപില്‍ ദേവ് ഇന്ത്യക്കായി ലോകകപ്പ് നേടിയതുപോലെതന്നെയാണ് ഈ വിജയം സ്ത്രീകളുടെ ക്രിക്കറ്റിന്റെ ”മൈല്‍സ്റ്റോണ്‍” എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഫൈനലില്‍ തിളങ്ങി മാച്ച് ഓഫ് ദി ഫൈനല്‍ നേടിയ ഷഫാലി വര്‍മ, ടൂര്‍ണമെന്റിലെ താരമായ ദീപ്തി ശര്‍മ്മ, ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സ്മൃതി മന്ദാന, ഓസ്‌ട്രേലിയക്കെതിരെ സെമിയില്‍ മികവ് തെളിയിച്ച ജെമീമ റോഡ്രിഗസ് എന്നിവര്‍ വിജയത്തിന്റെ മുഖ്യശില്പികളായി.

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് കമ്പനി ബേസ്ലൈന്‍ വെഞ്ചേഴ്‌സ് സഹസ്ഥാപകന്‍ വിശാല്‍ ജയ്‌സന്റെ വിലയിരുത്തല്‍പ്രകാരം, ദീപ്തി, ഷഫാലി, ജെമീമ എന്നിവരുടെ ബ്രാന്‍ഡ് മൂല്യം 20 മുതല്‍ 30 ശതമാനം വരെ ഉയരും. പരസ്യലോകം ഇനി ഇവരെ സൗന്ദര്യ ഉല്‍പ്പന്നങ്ങളില്‍ മാത്രം ഒതുക്കില്ല; ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ടെക്നോളജി മേഖലകളിലേക്കും ഇവര്‍ കടക്കും.

ഹര്‍മന്‍പ്രീതും സ്മൃതി മന്ദാനയും 35 ശതമാനം വരെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്മൃതി മന്ദാനയുടെ ആസ്തി 3235 കോടി രൂപയും, ഹര്‍മന്‍പ്രീതിന്റേത് ഏകദേശം 25 കോടിയുമാണ്. താരങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ പുരുഷ താരങ്ങളായ വിരാട് കോഹ്ലി (231 മില്യന്‍ ഡോളര്‍) എം.എസ്. ധോണി (102.9 മില്യന്‍ ഡോളര്‍) എന്നിവരോടു താരതമ്യപ്പെടുത്തുമ്പോഴും വളര്‍ച്ച ശ്രദ്ധേയമാണ്.

ഐ.സി.സി സമ്മാനമായ 39 കോടി രൂപയ്ക്ക് പുറമെ, ബി.സി.സി.ഐയുടെ 51 കോടി രൂപയുടെ പ്രത്യേക ബോണസും പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്കും കോച്ചിനും സപ്പോര്‍ട്ട് സ്റ്റാഫിനും ഉള്‍പ്പെടെ ഈ തുക ലഭിക്കും. ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഈ പാരിതോഷികം പ്രഖ്യാപിച്ചത്.

ലോകകപ്പ് സമ്മാനത്തുകയും ഈ വര്‍ഷം 300 ശതമാനം വര്‍ധിപ്പിച്ച് 1.4 കോടി ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. ജേതാക്കളായ ഇന്ത്യയ്ക്ക് 44.8 ലക്ഷം ഡോളറും (ഏകദേശം 39 കോടി), റണ്ണേഴ്‌സ്അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടിയും ലഭിക്കും.

സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ആസ്‌ട്രേലിയക്കും 9.94 കോടി രൂപ വീതം ലഭിക്കും.

എന്നാല്‍, കഴിഞ്ഞ വര്‍ഷം പുരുഷ ടീമിന് ബി.സി.സി.ഐ നല്‍കിയ 125 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വനിതകളുടെ സമ്മാനം പകുതിപോലുമല്ലെന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

വനിതാ ക്രിക്കറ്റിന്റെ സാമൂഹ്യ-ആര്‍ഥിക സ്വാധീനവും ഈ വിജയത്തോടെ ദൃഢമായി ഉയര്‍ന്നിരിക്കുകയാണ്. ”ഇത് വെറും കിരീടനേട്ടമല്ല, പുതിയ തലമുറക്ക് പ്രചോദനമാണ്,” എന്ന് ബി.സി.സി.ഐ സെക്രട്ടറി വ്യക്തമാക്കി.