News

ഐഎസ്എല്‍ അനിശ്ചിതത്വത്തില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം ക്ലബ്ബുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

By webdesk18

November 09, 2025

ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)യുടെ പന്ത്രണ്ടാം സീസണ്‍ നടക്കുമോയെന്ന് തന്നെ സംശയമായി. പുതിയ സീസണിന്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) വിളിച്ച ടെന്‍ഡറില്‍ ഒരാളും പങ്കെടുത്തില്ല.

ഡിസംബറില്‍ ലീഗ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും, ടെന്‍ഡറിന് അപേക്ഷകള്‍ ലഭിക്കാത്തതോടെ ഈ സീസണ്‍ റദ്ദാകാന്‍ സാധ്യതയുണ്ട്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉള്‍പ്പെടെയുള്ള ചില പ്രമുഖ ക്ലബ്ബുകള്‍ ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത് വലിയ ഞെട്ടലായി. പരിശീലന ക്യാംപുകളും അടച്ചുപൂട്ടിയതോടെ താരങ്ങളുടെയും ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്.

”ഏറെ തളര്‍ന്ന അവസ്ഥയിലാണ് ഞങ്ങള്‍. ടീമുമായി ബന്ധപ്പെട്ട എല്ലാ ആളുകളും ഭാവിയെക്കുറിച്ച് ആശങ്കയിലാണ്. കാര്യങ്ങള്‍ ഇതേപോലെ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ഭയാനകമാകും,” എന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ഐഎസ്എല്‍ റദ്ദായാല്‍ ഇന്ത്യന്‍ ഫുട്ബോളിന് വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.