kerala

മഅദനി കേരളത്തിലെത്തി; 6 വര്‍ഷത്തിനുശേഷമാണ് പിതാവിനെ സന്ദര്‍ശിക്കുന്നത്

By webdesk13

June 26, 2023

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി കേരളത്തിലെത്തി. ഇന്ന്‌ വൈകിട്ട് ഏഴരയോടെ എത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോയി. ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസ് സംഘവും മഅദനിയുടെ കൂടെയുണ്ട്. രോഗ ബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുമെന്നും മഅദനി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവില്‍ നിന്ന് പുറപ്പെട്ടത്.

ഇനി കുറച്ചുദിവസം പിതാവിനൊപ്പം കഴിയണമെന്ന് മഅ്ദനി. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷക്കായി വലിയ പണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്.

ഭരണമാറ്റത്തോടെ ഇതില്‍ ചില ഇളവുകള്‍ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടുന്നുണ്ടെന്നും നാട്ടിലെത്തി ചികിത്സതേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ,അതൊന്നും നടന്നില്ലെന്നും മഅദനി പറഞ്ഞു. 12 ദിവസമാണ് മഅ്ദനി കേരളത്തില്‍ ഉണ്ടാവുക. അന്‍വാര്‍ശേരിയില്‍ കനത്ത സുരക്ഷാ സന്നാഹമാണ് കേരളപൊലീസ് ഒരുക്കിയത്.