kerala

പാലക്കാട് സജിത വധക്കേസ്: വിധിയില്‍ തൃപ്തരെന്ന് കുടുംബം; മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യം

By webdesk18

October 18, 2025

പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ലഭിച്ച ഇരട്ട ജീവപര്യന്ത ശിക്ഷയില്‍ സജിതയുടെ കുടുംബം തൃപ്തി പ്രകടിപ്പിച്ചു. പ്രതീക്ഷിച്ചതുപോലുള്ള വിധിയാണെന്നും ചെന്താമര ഇനി ഒരിക്കലും പുറത്തിറങ്ങരുതെന്നും കൊല്ലപ്പെട്ട സജിതയുടെ മക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതിയിലും ഭയം അനുഭവപ്പെട്ടതായി മക്കള്‍ പറഞ്ഞു. കേസിനായി പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സജിതയുടെ സഹോദരി സരിത സര്‍ക്കാരിനോട് മക്കള്‍ക്ക് ജോലി നല്‍കണമെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ”അവരെ ഒറ്റപ്പെടുത്തിയതാണ് ചെന്താമര. സര്‍ക്കാര്‍ എന്തെങ്കിലും സഹായിക്കണം,” സരിത പറഞ്ഞു.

കേസില്‍ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും അഞ്ച് വര്‍ഷം തടവുമാണ് ശിക്ഷ. കൂടാതെ മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ”പ്രതിയുടെ മാനസിക നില ഭദ്രമാണ്, കേസ് അപൂര്‍വങ്ങളിലൊന്നല്ല,” എന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകില്ലെന്ന് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍ അറിയിച്ചു.