kerala

സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് വരുന്നു; ബില്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍

By webdesk13

February 05, 2025

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള കരട് ബില്‍ ഇന്ന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനുള്‍പ്പെടെ അനുമതി നല്‍കിയാണ് സര്‍വകലാശാലകള്‍ അനുവദിക്കുക.

സ്വകാര്യ സര്‍വകലാശാലകളിലെ ഫീസ് നിശ്ചയിക്കുന്നത് ആര് എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും. എസ്.സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് മാനദണ്ഡം ഉണ്ടാകും. സര്‍വകലാശാല തുടങ്ങേണ്ട ഭൂമിയുടെ അളവ് സംബന്ധിച്ച നിര്‍ദേശവും കരട് ബില്ലില്‍ ഉണ്ടായേക്കും.

അധ്യാപകര്‍ക്കായി സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റി ആയിരിക്കും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക. കിഫ്ബി മുതല്‍ മുടക്കിയ റോഡുകളില്‍ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മന്ത്രിസഭായോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത. പാലക്കാട് അനുവദിച്ച ബ്രൂവറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തില്‍, പാര്‍ട്ടി മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കുമോ എന്നതും പ്രധാനമാണ്.