News

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: ജിതേഷ് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എ ടീം പ്രഖ്യാപിച്ചു

By webdesk17

November 04, 2025

മുംബൈ: നവംബര്‍ 14 മുതല്‍ 23 വരെ ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

കൗമാരതാരം വൈഭവ് സൂര്യവന്‍ശി ഉള്‍പ്പെടെ അണ്ടര്‍19 ടീമില്‍ തിളങ്ങിയ നിരവധി യുവതാരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്തായതും ശ്രദ്ധേയമാണ്. നിലവില്‍ സഞ്ജു ആസ്ട്രേലിയന്‍ പര്യടനത്തിലാണെന്നും, മൂന്നാം ടി20ല്‍ നിന്ന് ജിതേഷ് ശര്‍മയ്ക്ക് അവസരം നല്‍കിയതും ആരാധകര്‍ക്ക് ആശ്ചര്യമായി.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയാന്‍ഷ് ആര്യ ടീമിലെ മറ്റൊരു ഓപ്പണറാണ്. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമന്‍ ധിര്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൂര്യാന്‍ഷ് ഷെഡ്‌ഗെ, നെഹാല്‍ വധേര, രമണ്‍ദീപ് സിങ് എന്നിവര്‍ മധ്യനിരയെ ശക്തിപ്പെടുത്തും. രണ്ടാം വിക്കറ്റ് കീപ്പറായി അഭിഷേക് പോറെല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഒമാന്‍, യു.എ.ഇ, പാകിസ്താന്‍ എ ടീമുകള്‍ക്കൊപ്പം. നവംബര്‍ 14 യു.എ.ഇക്കെതിരെ, നവംബര്‍ 16 പാകിസ്താന്‍ എക്കെതിരെ, നവംബര്‍ 18 ഒമാനെതിരെ, സെമിഫൈനല്‍ നവംബര്‍ 21-ന്, ഫൈനല്‍ നവംബര്‍ 23-നും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ എ ടീമിലെ താരങ്ങള്‍:

പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ശി, നെഹാല്‍ വധേര, നമന്‍ ധിര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്‌ഗെ, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, ഹര്‍ഷ് ദുബെ, അശുതോഷ് സിങ് ശര്‍മ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിങ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെല്‍, സുയാഷ് ശര്‍മ, യുദ്ധ്വീര്‍ സിങ് ചരക്.

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍:

ഗുര്‍നൂര്‍ സിങ് ബ്രാര്‍, കുമാര്‍ കുശാഗ്ര, തനുഷ് കൊടിയന്‍, സമീര്‍ റിസ്വി, ശെയ്ഖ് റഷീദ്.