കോന്നി: പത്താനപുരത്തെ മഴ ശക്തി പ്രാപിച്ചതോടെ കൂടല്‍ രാജഗിരി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി കാഴ്ചവിസ്മയം പകരുകയാണ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടല്‍ ജംഗ്ഷനില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം രാജഗിരി റബ്ബര്‍ എസ്‌റ്റേറ്റിന്റെ നടുവിലൂടെയുള്ള ചെറുവഴിലിലൂടെ എത്താവുന്ന മനോഹര വിനോദസഞ്ചാര കേന്ദ്രമാണ്.
അധികം ഉയരമില്ലാതെ ഒഴുകുന്ന ഈ വെള്ളച്ചാട്ടം അപകടസാധ്യത കുറവായതിനാല്‍ കുടുംബങ്ങളോടൊപ്പം ചെറുകുട്ടികള്‍ക്കും ഇറങ്ങി ആസ്വദിക്കാവുന്ന സ്ഥലമാണ്. വിനോദസഞ്ചാരികളോടൊപ്പം ഫോട്ടോഗ്രഫര്‍മാരുടെയും ഇഷ്ടലൊക്കേഷനായി രാജഗിരി വെള്ളച്ചാട്ടം മാറിയിട്ടുണ്ട്. നിരവധി വിവാഹ ആല്‍ബങ്ങളുടെയും ചിത്രീകരണ കേന്ദ്രമായി ഇവിടം ഉപയോഗിച്ചുവരുന്നു.
അവധി ദിവസങ്ങളിലാണ് ഇവിടെ കൂടുതലാളുകള്‍ എത്തുന്നത്. രാജഗിരി റോഡില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള ഈ വെള്ളച്ചാട്ടത്തിലെത്താന്‍ എസ്‌റ്റേറ്റിനുള്ളിലൂടെ പ്രവേശനം ലഭ്യമാണ്. മഴയെത്തുടര്‍ന്ന് ഇപ്പോള്‍ രാജഗിരി വെള്ളച്ചാട്ടം അതിന്റെ പൂര്‍ണ്ണസൗന്ദര്യത്തില്‍ തിളങ്ങുകയാണ്.