നെയ്‌റോബി: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭീകര വിമാനാപകടം. മസായി മാര നാഷണല്‍ റിസര്‍വിലേക്കുള്ള യാത്രാമധ്യേ ചെറുവിമാനം തകര്‍ന്നു വീണ് തീപിടിച്ചതോടെ 12 പേര്‍ മരിച്ചതായി പ്രാഥമിക വിവരം.
ഡയാനി എയര്‍സ്റ്റ്രിപ്പില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ പ്രദേശത്തും വനത്തിനടുത്തുമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ യാത്ര ചെയ്തവരൊക്കെ വിദേശ വിനോദസഞ്ചാരികളാണെന്ന് ക്വാലെ കൗണ്ടി കമീഷണര്‍ സ്റ്റീഫന്‍ ഒറിന്‍ഡെ വ്യക്തമാക്കി. മരിച്ചവരുടെ പൗരത്വം സ്ഥിരീകരിക്കുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സെസ്‌ന കാരവാന്‍ വിഭാഗത്തില്‍പ്പെട്ട ഈ വിമാനത്തില്‍ 12 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കെനിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കിയ വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്നതിനു പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം നിയന്ത്രണം നഷ്ടപ്പെടുത്തി താഴേക്ക് പതിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ കത്തിക്കരിഞ്ഞ വിമാനാവശിഷ്ടങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഉച്ചത്തിലുള്ള സ്ഫോടനശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയതായും ദൃക്‌സാക്ഷികള്‍ അറിയിച്ചു.
വിമാനാപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.