Connect with us

india

ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നു

ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നത്.

Published

on

ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണു. സംസ്ഥാനത്തെ അരാരിയയിലാണ് സംഭവം. ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിനായാണ് ഈ പാലം നിര്‍മിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണയാണ് പാലം തകര്‍ന്നുവീണത്. നിലവില്‍ പാലത്തിന്റെ സെന്‍ട്രല്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്.
അപകടത്തിന് പിന്നാലെ, പാലം ഒരു ഭാഗത്തേക്ക് ചരിയുന്നതും തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിക്തി എം.എല്‍.എ വിജയകുമാര്‍ രംഗത്തെത്തി. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിച്ച്, അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് തകര്‍ന്ന പാലം നിര്‍മിച്ചിരുന്നത്. അപ്രോച്ച് റോഡ് പുനഃസ്ഥാപിക്കാനുള്ള പണികള്‍ നടക്കുന്നതിനിടെയാണ് പാലം തകര്‍ന്നതെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ആദ്യമായല്ല ബീഹാറില്‍ നിര്‍മാണത്തിലിരിക്കെ ഒരു പാലം തകരുന്നത്. ഭഗല്‍പൂരിലെ പാലം തകര്‍ന്നത് വലിയ വിവാദമായിരുന്നു. ഭഗല്‍പൂരിനെയും ഖഗാരിയയെയും ബന്ധിപ്പിക്കുന്ന ഈ പാലം രണ്ടുതവണയാണ് തകര്‍ന്നത്.
2023 ഏപ്രില്‍ 30ന് ആയിരുന്നു ആദ്യമായി പാലം തകര്‍ന്നത്. പിന്നീട് ജൂണ്‍ നാലിന് പാലം രണ്ടാമതും തകര്‍ന്നു. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുമുണ്ടായി. തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെയും പൊതുമരാമത്തിനെതിരെയും സംസ്ഥാനത്ത് ഉയര്‍ന്നത്.

india

യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയില്‍; വെള്ളപ്പൊക്കത്തിലും മിന്നലിലും 52 പേർ മരിച്ചു

ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Published

on

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മൺസൂൺ മഴ ശക്തമായതിനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. മഹാരാഷ്ട്ര ഗുജറാത്ത് ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വരുന്ന മൂന്നുദിവസം കൂടി മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരും എന്നാണ് ഐ.എം.ഡിയുടെ മുന്നറിയിപ്പ്.

യുപിയിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 52 പേർ മരിച്ചു. അസം ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.

ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം അസമിൽ പലയിടങ്ങളിൽനിന്നും പ്രളയജലം ഇറങ്ങി തുടങ്ങി.

മധ്യപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ബിഹാറിലും ഹരിയാനയിലും ഡൽഹിയിലും ഇടവിട്ടുള്ള മഴ തുടരുകയാണ്.കർണാടക, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ജൂലൈ 15 വരെ ശക്തമായ മഴ തുടരണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

india

പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജൂൺ നാല് “മോദിമുക്തി” ദിനമെന്ന് കോൺഗ്രസ്

ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് വ്യക്തിപരവും രാഷ്ട്രീയവും ധാർമികവുമായ പരാജയം ഏൽപ്പിച്ച 2024 ജൂൺ നാല് മോദിമുക്തി ദിനം എന്ന പേരിൽ ചരിത്രത്തിൽ ഇടംനേടി” -അദ്ദേഹം എക്‌സിൽ എഴുതി. 

Published

on

അടിയന്തരാവസ്ഥയുടെ ഓർമയിൽ ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമിക പരാജയം അടയാളപ്പെടുത്തിയ ജൂൺ നാല് “മോദിമുക്തി” ദിനം ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

“പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പ്രധാനമന്ത്രിയുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാനുള്ള മറ്റൊരു അഭ്യാസമാണിത്. ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് വ്യക്തിപരവും രാഷ്ട്രീയവും ധാർമികവുമായ പരാജയം ഏൽപ്പിച്ച 2024 ജൂൺ നാല് മോദിമുക്തി ദിനം എന്ന പേരിൽ ചരിത്രത്തിൽ ഇടംനേടി” -അദ്ദേഹം എക്‌സിൽ എഴുതി.

ഇന്ത്യൻ ഭരണഘടനയെയും അതിന്‍റെ തത്വങ്ങളെയും മൂല്യങ്ങളെയും സ്ഥാപനങ്ങളെയും വ്യവസ്ഥാപിതമായ ആക്രമണത്തിന് വിധേയമാക്കിയ, മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ല എന്ന കാരണത്താൽ ഭരണഘടനയെ തള്ളിക്കളഞ്ഞ ആശയത്തെ പിൻതുടരുന്നയാളാണ് പ്രധാനമന്ത്രിയെന്നും ജയറാം രമേശ് പറഞ്ഞു.

അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി എല്ലാ വർഷവും ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

 

Continue Reading

india

40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

യു.പിയിലെ ഫത്തേപ്പൂരിലാണ് സംഭവം.

Published

on

നാല്‍പ്പത് ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. ഐ.സി.യുവില്‍ ചികിത്സയിലാണ് ഇയാള്‍. യു.പിയിലെ ഫത്തേപ്പൂരിലാണ് സംഭവം. സൗര്‍വ ഗ്രാമത്തിലെ വികാസ് ദുബെ എന്ന യുവാവിനാണ് തുടര്‍ച്ചയായ പാമ്പുകടിയേറ്റത്. ആരോഗ്യനില അങ്ങേയറ്റം അപകടാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം, തുടര്‍ച്ചയായി പാമ്പുകടിയേല്‍ക്കുമെന്ന കാര്യം വികാസ് സ്വപ്നം കണ്ടിരുന്നുവെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. സ്വപ്നത്തില്‍ ഒരു പാമ്പ് മുന്നറിയിപ്പ് നല്‍കിയത്രെ. ഒമ്പതാമത്തെ തവണ പാമ്പുകടിക്കുന്നത് മരണകാരണമാകുമെന്നും പറഞ്ഞുവെന്ന് കുടുംബം പറയുന്നു.

ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പുകടിച്ചത്. വീട്ടിനുള്ളില്‍ വെച്ചായിരുന്നു ഇത്. ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വീട്ടിലെത്തി. ജൂണ്‍ 10ന് വീണ്ടും പാമ്പുകടിയേറ്റു. ജൂണ്‍ 17നും പാമ്പുകടിച്ചു. നാലാംതവണ കടിയേറ്റതിന് പിന്നാലെ വികാസ് രാധാനഗറിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി. എന്നാല്‍, അവിടെ വെച്ചും കടിയേറ്റു. ഇതോടെ വീണ്ടും വീട്ടിലേക്ക് തന്നെ തിരിച്ചു. ജൂലൈ ആറിന് വീണ്ടും പാമ്പുകടിയേറ്റു. ഇതേത്തുടര്‍ന്ന് ബന്ധുവീടുകളില്‍ മാറിത്താമസിച്ചിട്ടും ഫലമുണ്ടായില്ല. ഏറ്റവുമൊടുവില്‍ ജൂലൈ 11ന് ഏഴാംതവണയും പാമ്പിന്റെ കടിയേറ്റു.

തുടര്‍ച്ചയായ പാമ്പുകടിയേല്‍ക്കുന്നതില്‍ ചികിത്സക്ക് സര്‍ക്കാറിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം. ഒമ്പതാംതവണ കടിയേല്‍ക്കുന്നത് മരണകാരണമാകുമെന്ന് സ്വപ്നംകണ്ടതായി പറയുന്ന വീട്ടുകാര്‍, ഇതോടെ കൂടുതല്‍ ഭയന്നിരിക്കുകയാണ്.

Continue Reading

Trending