kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

By webdesk17

November 15, 2025

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ് കെ. തമ്പിയാണ് ആത്മഹത്യക്ക് ഇരയായത്. വാര്‍ഡില്‍ മുമ്പേ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആനന്ദ് നിരാശ പ്രകടിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വീട്ടിന് പിറകിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയിലാണ് ആനന്ദിനെ കണ്ടത്. ആത്മഹത്യയ്ക്ക് മുമ്പ് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അവര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് നടപടി ആരംഭിച്ചതെന്നും പൊലീസ് അറിയിച്ചു. ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, ആത്മഹത്യയ്ക്കുമുമ്പ് അയച്ച വാട്‌സ്ആപ്പ് സന്ദേശം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്നും അവര്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കപ്പെട്ടത് മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്നും ആനന്ദ് ആരോപിക്കുന്നു.