ഹൈദരാബാദ്: തെലങ്കാനയിൽ നിരോധിത മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുമായി ബന്ധപ്പെട്ട 130 മാവോയിസ്റ്റുകൾ മുഖ്യമന്ത്രിയായ എ. രേവന്ത് റെഡ്ഡിയുടെ മുമ്പാകെ ആയുധം താഴെവെച്ച് കീഴടങ്ങി. കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു.
കീഴടങ്ങിയവരിൽ ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കമാൻഡർ കരിത്രം (യു.കെ കല്ലു), കമാൻഡർ മുത്തയ്യ (രാജു), ദണ്ഡകാരണ്യ സോണൽ കമ്മിറ്റി അംഗം ചലസാനി നവത (ചന്ദ്ര), സംരക്ഷണ വിഭാഗം കമാൻഡർ വിനോദ് (ഇർപ രാമു), ഡിവിഷണൽ കമ്മിറ്റി അംഗം മുച്ചക്കി ഉങ്കൽ (സുധാകർ) എന്നിവരും ഉൾപ്പെടുന്നു.
ലൈറ്റ് മെഷീൻ ഗൺ, 31 എ.കെ-47 തോക്കുകൾ, 21 ഇൻസാസ് റൈഫിളുകൾ, 20 എസ്.എൽ.ആർ റൈഫിളുകൾ, 18 മറ്റ് റൈഫിളുകൾ, ഗ്രനേഡ് ലോഞ്ചർ, നാടൻ തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉൾപ്പെടെ ഏകദേശം 250 ആയുധങ്ങളുമായാണ് ഇവർ കീഴടങ്ങിയത്.
കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാമ്മ ഭൂമി, ഹെൽത്ത് കാർഡ് തുടങ്ങിയ പുനരധിവാസ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.