തിരുവവനന്തപുരം: ബിനോയ് കോടിയേരിക്ക് കുരുക്കായി യുവതിയുടെ പാസ്‌പോര്‍ട്ട്. ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേരായി പാസ്‌പോര്‍ട്ടില്‍ ഉള്ളത്. ഭര്‍ത്താവിന്റെ പേരായും രണ്ടാം പേരായും ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഇക്കാര്യത്തെ പറ്റിയുള്ള വെളിപ്പെടുത്തലുള്ളത്. പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയുടെ ഒപ്പം നല്‍കിയ രേഖകളില്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും യുവതി സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈയിലെ മലാഡില്‍ നിന്നാണ് ഈ പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്തിരിക്കുന്നത്. ബിനോയിയുമായുള്ള വിവാഹബന്ധത്തിനുള്ള കൂടുതല്‍ തെളിവാകും ഈ പാസ്‌പോര്‍ട്ട്. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പോലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം യുവതിയെയും പരാതിയെയും സംബന്ധിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം യുവതിയുടെ കുടുംബം നിഷേധിച്ചു. ബിനോയ് കോടിയേരിയുടെ അമ്മ പരാതിക്കാരിയുമായി മുംബൈയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. പരാതി സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരിയെയും അറിയിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. കോടിയേരി പ്രതികരിച്ചില്ല, ഇതിന്റെ പേരില്‍ ബിനോയ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. പരാതിക്കാരി ഫോണ്‍ രേഖകള്‍ പൊലീസിന് കൈമാറി.