കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിലെത്തി, തുടർന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി കടന്നുപോകുന്നതിനിടെയാണ് അന്വേഷണ സംഘം പിന്തുടർന്ന് ഇവരെ പിടികൂടിയത്.
ബംഗാളിൽ നിന്ന് കിലോഗ്രാമിന് ഏകദേശം 1000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിൽ കിലോഗ്രാമിന് 25,000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നും, ഇവർ ഇടയ്ക്കിടെ കേരളത്തിൽ എത്താറുണ്ടെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി. എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
അതേസമയം, ഈ മാസം ആദ്യം ആലുവയിൽ 69 ഗ്രാം രാസലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെയും റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലൂടെയായിരുന്നു രാസലഹരി കടത്തിയതെന്ന് പൊലീസ് അറിയിച്ചു.