ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നവാഡിയിലെ 50 വയസ്സുകാരനായ വസ്ത്രവ്യാപാരി മുഹമ്മദ് അത്തര്‍ ഹുസൈനാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെ മരിച്ചത്.
ഡുമ്രി ഗ്രാമത്തില്‍ നിന്ന് മടങ്ങിവരികയായിരുന്ന ഹുസൈനെ ആറ് മുതല്‍ ഏഴ് പേര്‍ വരെ അടങ്ങിയ സംഘം തടഞ്ഞുനിര്‍ത്തി പേര് ചോദിക്കുകയും വസ്ത്രമൂരി മുസ്‌ലിം ആണെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ ഹുസൈനെ സൈക്കിളില്‍ നിന്ന് വലിച്ചിറക്കി, കവര്‍ച്ച നടത്തി, അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ഇരുമ്പ് കമ്പികള്‍, ഇഷ്ടികകള്‍, പ്ലയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി ചികിത്സയിലിരിക്കെ ഹുസൈന്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍, ഇതുവരെ സോനു കുമാര്‍, രഞ്ജന്‍ കുമാര്‍, സച്ചിന്‍ കുമാര്‍, ശ്രീ കുമാര്‍ എന്നിവരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
മുസ്‌ലിമാണെന്ന് വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ച ശേഷം ഇരുമ്പ് കമ്പികളും വടികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, വിരലുകള്‍ പൊട്ടിക്കുകയും, നെഞ്ചില്‍ കയറി ചവിട്ടുകയും, ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ഹുസൈന്‍ മൊഴി നല്‍കിയിരുന്നു.
പ്ലയര്‍ ഉപയോഗിച്ച് കാലുകള്‍, വിരലുകള്‍, ചെവികള്‍ എന്നിവ ഞെരിച്ച് തകര്‍ത്തതായും, ഇഷ്ടികകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദ്ദിച്ചതായും ഹുസൈന്‍ പറഞ്ഞു.
‘അഞ്ചുപേര്‍ എന്നെ തടഞ്ഞുനിര്‍ത്തി, പോക്കറ്റുകള്‍ പരിശോധിച്ചു, ഒരു മുറിയിലേക്ക് കൊണ്ടുപോയി പൂട്ടി. ഞാന്‍ മുസ്‌ലിമാണോ എന്ന് ഉറപ്പാക്കാന്‍ വസ്ത്രങ്ങള്‍ ഊരാന്‍ ആവശ്യപ്പെട്ടു. ശേഷം എന്നെ മര്‍ദ്ദിക്കുകയും എന്റെ തൊലി കത്തിക്കുകയും ചെയ്തു,’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഹുസൈന്‍ പറഞ്ഞു.
‘അവര്‍ എന്റെ നെഞ്ചില്‍ കയറി ചവിട്ടി. വായില്‍ നിന്ന് രക്തം വാര്‍ന്നു. ഇഷ്ടികകള്‍ ഉപയോഗിച്ചും എന്നെ മര്‍ദ്ദിച്ചു. ഒരാള്‍ പോലീസിനെ വിളിച്ചു, അതിനുശേഷമാണ് എന്നെ മാറ്റിയത്,’ അദ്ദേഹം പറഞ്ഞു. നളന്ദ ജില്ലയിലെ ഗഗന്‍ ദിഹ് ഗ്രാമ സ്വദേശിയാണ് കൊല്ലപ്പെട്ട ഹുസൈന്‍.