ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചതിന്റെ അധികാരഭ്രമത്തില്‍ ജനവിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നത് തുടര്‍ന്ന് എല്‍ഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് വിജയാഘോഷം എ.കെ.ജി സെന്ററില്‍ നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. മുമ്പ് കേരളത്തില്‍ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസം കരിമരുന്ന് പ്രയോഗം നടത്തി വിജയമാഘോഷിച്ചതും, നരേന്ദ്രമോദി സ്‌റ്റൈലില്‍ വിളക്കുകത്തിച്ച് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ ഭാര്യ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതും, ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധിപേര്‍ സാമൂഹിക അകലം പാലിക്കാതെ പങ്കെടുത്തതും വലിയ വിവാദമായിരുന്നു.

എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അങ്ങനെയിരിക്കെ, എല്‍ഡിഎഫ് മുന്നണി യോഗത്തിന് ശേഷമാണ് എകെജി സെന്ററില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കേക്ക് മുറിച്ചു ആഘോഷം നടത്തിയത്. അതിന്റെ ചിത്രം സിപിഐമ്മും കാനം രാജേന്ദ്രനും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും പേര്‍ എ.കെ.ജി സെന്ററില്‍ ഒത്തുകൂടിയത്. വീട്ടില്‍ പോലും സാമൂഹിക അകലം പാലിക്കണമെന്നും,മാസ്‌ക് ധരിക്കേണ്ട അവസ്ഥയാണെന്നും ദിവസവും ജനങ്ങളെ ഉപദേശിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു പരിപാടിക്ക് നേതൃത്വം നല്‍കിയത് ജനങ്ങളില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

സാധാരണ ജനങ്ങള്‍ക്ക് ഒരു നീതിയും സഖാക്കള്‍ക്കും പ്രിയ്യപ്പെട്ടവര്‍ക്കും മറ്റൊരു നീതിയും നടപ്പിലാക്കി സംസ്ഥാനത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ഇതെന്നാണ് പ്രധാന വിമര്‍ശനം. ഊടുവഴികള്‍ കയറി കെട്ടി അടച്ചും സദാ പോലീസിനെ നിറുത്തിയും കര്‍ശന നടപടികള്‍ നിലനില്‍ക്കുന്ന നാട്ടില്‍, ഒരു സാധാരണക്കാരന് തന്റെ കുഞ്ഞിന് ബിസ്‌കറ്റ് വാങ്ങാന്‍ കള്ളന്മാരെ പോലെ പാത്തും പതുങ്ങിയും പോവേണ്ട ഗതികേടുള്ള നാട്ടില്‍, ഇങ്ങനെ കൂട്ടം ചേര്‍ന്ന് കേക്ക് മുറിച്ച്, അത് ഫെയ്ബുക്കിലുമിട്ട് ആഘോഷിക്കുന്നത് സാധാരണക്കാരനെ കൊഞ്ഞനം കുത്തല്‍ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉയരുന്നുണ്ട്.

ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് കിടപ്പാണെന്ന പേരുപറഞ്ഞാണ് ലഹരിക്കടത്ത് കേസില്‍ അകത്ത് കിടക്കുന്ന ജാമ്യത്തിന് അപേക്ഷിച്ച ബിനീഷ് കോടിയേരിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.