സംസ്ഥാനത്ത് റെയില്‍വേ സ്‌റ്റേഷനുകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ രംഗത്തെത്തി. മദ്യപര്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ട്രെയിനുകളില്‍ കയറുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ ആവശ്യം.
കോട്ടയം ജില്ലയില്‍ ആറു ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന നിര്‍ദേശമാണ് റെയില്‍വേ നല്‍കിയത്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്ന് ഔട്ട്‌ലറ്റുകള്‍ വീതം മാറ്റണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം അടക്കമുള്ള നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബെവ്‌കോയ്ക്ക് കത്തയച്ചത്. റെയില്‍വേ സ്‌റ്റേഷനുകളുടെ സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്ളതിനാലാണ് കൂടുതല്‍ മദ്യപര്‍ ട്രെയിനുകളില്‍ കയറുന്നതെന്നും ഇതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നുമാണ് റെയില്‍വേയുടെ വാദം.
എന്നാല്‍ റെയില്‍വേയുടെ ഈ ആവശ്യം ബെവ്‌കോ പൂര്‍ണമായും തള്ളിയിട്ടുണ്ട്. മദ്യപര്‍ സ്‌റ്റേഷന്‍ പരിസരത്ത് പ്രവേശിക്കുന്നത് തടയേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും, റെയില്‍വേ പൊലീസാണ് ഇതിന് നടപടി സ്വീകരിക്കേണ്ടതെന്നും ബെവ്‌കോ വ്യക്തമാക്കി. ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ബെവ്‌കോ നിലപാട് സ്വീകരിച്ചു.