kerala

17 കോടി സര്‍ക്കാര്‍ അധികം കെട്ടിവെക്കണം; വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാം

By webdesk18

April 11, 2025

വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തേയില ചെടികള്‍ക്കും ഭൂമിയുടെ ന്യായവിലയ്ക്കും ആനുപാതികമായി തുക ഉയര്‍ത്തണമെന്നായിരുന്നു ഹരജിയി വാദം. വിഷയത്തില്‍ 17 കോടി രൂപ അധികമായി കെട്ടിവെക്കാന്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയില്‍ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. 549 കോടി രൂപ നല്‍കിയശേഷം ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം കോടതി തല്‍ക്കാലം മുഖവിലക്കെടുത്തില്ല. ഇതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.