FOREIGN

ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരിക്ക്

By webdesk13

July 23, 2023

ബംഗ്ലാദേശിലെ ഛത്രഖകണ്ടയില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവര്‍ ആരോപിച്ചു. ബസില്‍ അമിതമായി യാത്രക്കാരെ കയറ്റിയതും അപകടത്തിനിടയാക്കി.

60 യാത്രക്കാരുമായി സഞ്ചരിച്ച ബാഷര്‍ സ്മൃതി പരിബഹന്‍ ബസാണ് അപകടത്തില്‍ പെട്ടത്. യഥാര്‍ഥത്തില്‍ ഇതില്‍ 52 പേരെ കയറ്റാന്‍ മാത്രമേ അനുമതിയുള്ളൂ. യാത്ര തുടങ്ങിയ ഉടന്‍ റോഡരികിലെ കുളത്തിലേക്ക് ബസ് മറിയുകയായിരുന്നു. 17 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗ്ലാദേശില്‍ ബസ് അപകടങ്ങള്‍ പതിവാണ്. ജൂണില്‍ മാത്രം 559 റോഡപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അപകടങ്ങളിലായി 562 പേര്‍ മരിക്കുകയും 812 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.